സംസ്ഥാനം ഇന്ന് കേരളപ്പിറവി ദിനം ആചരിക്കുന്നു. ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. ഓരോ മലയാളിക്കും അഭിമാനമായി സംസ്ഥാനം ഇന്ന് കേരളപ്പിറവി ദിനം ആചരിക്കുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം നിലനിർത്തുന്നതിനൊപ്പം സമ്പന്നമായ സംസ്കാരവും കൊണ്ട് കേരളം അഭിമാനിക്കുകയാണ്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.
മലനിരകളും സമൃദ്ധമായ ഹരിതഭംഗിയും മനോഹരമായ കായൽപരപ്പുകളും സമ്പന്നമായ സംസ്കാരവും കൊണ്ട് കേരളം 70 വര്ഷം പിന്നിടുകയാണ്. കേരളപ്പിറവിയുടെ എഴുപതാം വാർഷിക ആഘോഷ നിറവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് ഇന്ന് കൊണ്ടാടുന്നത്. 2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും.
കേരളം രൂപപ്പെട്ടതിന് പിന്നിലെ ചരിത്രവും പ്രാധാന്യവും; കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ ഭാഷ, സംസ്കാരം, കലാ – സാംസ്കാരിക, സാഹിത്യ – ശാസ്ത്ര, കായികം, ഭക്ഷണ ഉൾപ്പെടെയുള്ള വൈവിദ്യങ്ങളും നേട്ടങ്ങളും കൊണ്ടും സമ്പന്നമാണ് കേരളം. 1956 നവംബര് ഒന്നിനാണ് കേരളം ഔദ്യോഗികമായി ഒരു സംസ്ഥാനമായി രൂപം കൊണ്ടത്. 1956ൽ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളായ തിരുവിതാംകൂർ, കൊച്ചി, മലബാർ ഭാഗങ്ങളെ സംയോജിപ്പിച്ചാണ് ഇന്നത്തെ കേരളം എന്ന സംസ്ഥാനം രൂപീകൃതമായത്.
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു – കൊച്ചി (Travancore – Cochin) എന്ന സംസ്ഥാനം രൂപീകൃതമായി. പിന്നീട് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം തിരു – കൊച്ചിയോടൊപ്പം മലബാറും, ദക്ഷിണ കന്നഡയിലെ കാസർകോട് താലൂക്കും കൂട്ടിച്ചേർത്താണ് ആധുനിക കേരളം രൂപം കൊണ്ടത്.
