എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കായംകുളം റോമ ബാർ ഉടമ രതീഷ് കുമാർ . എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനം അറിയില്ല.താനും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തെ മാധ്യമങ്ങലൂടെയാണ് കാണുന്നത്. പൈൻ എന്തിനാണ് കമ്മീഷ്ണർ ഇത്തരത്തിലുള്ള റിപ്പോർട്ട് നൽകിയതെന്ന് അറിയില്ല. മന്ത്രി എം ലിജുവുയുമായി നല്ല ബന്ധമെന്നും സഹോദര തുല്യനെന്നും രതീഷ് കുമാർ പറഞ്ഞു.
എന്റെ മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് മന്ത്രി എം ലിജു. ഒരു ആനുകൂല്യത്തിനും മന്ത്രിയെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രി ആകും മുന്നേ എം. ലിജുവിനെ പരിജയമുണ്ടെന്നും രതീഷ്‌കുമാർ പ്രതികരിച്ചു.അതേസമയം, എക്സൈസ് വകുപ്പിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നതാണ് സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ഉദ്യോഗസ്ഥർ കൈക്കൂലിക്കാരാണെന്നും ബാർ മുതലാളിമാരുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണറായ എസ് വിനോദ് ആലപ്പുഴയിലെ ബാർ മുതലാളിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങി. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട മൂവാറ്റുപുഴയിലെ ഗംഗാബാറിൽ നിന്ന് 50,000 രൂപ കൈപ്പറ്റി.
ഡെപ്യൂട്ടി കമ്മീഷണറായ അജയിയും കായംകുളത്തെ റോമ സെന്റർ ബാറിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി എന്നിങ്ങനെ നീളുന്നു റിപ്പോർട്ടിലെ ആരോപണങ്ങൾ. ഇരുവരെയും അടിയന്തരമായി ഫീൽഡ് പോസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും വിജിലൻസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാശയുണ്ട്. റോമ ബാറുടമയ്ക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്നും മന്ത്രി ചോദിച്ചാൽ കൈക്കൂലി വിവരം കൃത്യമായി ലഭിക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എക്സൈസ് ഇൻസ്പെക്ടർ- സർക്കിൾ ഇൻസ്പെക്ടർ സ്ഥലമാറ്റ- നിയമന ഉത്തരവുകളിലെ ഉന്നത ഇടപെടലുകളിലുള്ള അതൃപ്തിയും റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ അന്വേഷിക്കുമെന്നും, നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ നേരത്തെ അന്വേഷിക്കാമായിരുന്നു എന്നുമായിരുന്നു മന്ത്രി എം ലിജുവിന്റെ മറുപടി.
