തിരുവനന്തപുരം: യുഡിഎഫിനുള്ളിലെ ആഭ്യന്തര കലഹത്തിൽ ഇനി പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കൺവീനർ അടൂർ പ്രകാശ്. താൻ ഉന്നയിച്ച കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് കൺവീനറുടെ ക്യാമ്പ്. നേരത്തെ ഉന്നയിച്ച കാര്യങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബോർഡ് – കോർപ്പറേഷൻ വിഭജനത്തിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത കീറാമുട്ടിയായി തുടരുകയാണ്.

അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്.

ഓൺലൈനായി ചേർ‌ന്ന കെപിസിസി ഭാരവാഹിയോ​ഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സർക്കാരിലെ ബോർഡുകളും കോർപ്പറേഷൻ വീതംവെയ്പ്. വൈകുന്നതിന് എതിരായ അമർഷവും പ്രതിഷേധവുമാണ് യോഗത്തിൽ അലയടിച്ചത്. മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ പ്രവർത്തിച്ച താഴെത്തട്ടിലുളള നേതാക്കൾക്കും പരിഗണന ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ വീതംവെയ്പിലെ തീരുമാനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. തീരുമാനം ഇനിയും വൈകിയാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും ഭാരവാഹി യോഗത്തിൽ സംസാരിച്ച നേതാക്കൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *