തിരുവനന്തപുരം: അനാസ്ഥയുടെ കേന്ദ്രമായി പേരൂർക്കട മാതൃക ജില്ലാ ആശുപത്രി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളും ചത്ത എലിയേയും കണ്ടെത്തി. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന വാർഡിലാണ് പൂച്ചകളുടെയും എലികളുടെയും സ്വൈര്യ വിഹാരം.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ കാഴ്ച. അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ല.രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പൂച്ചകളെയും ചത്ത എലിയെയും മാറ്റി ബെഡിൽ കിടക്കണം. പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഈ ദുരവസ്ഥ. ശസ്ത്രക്രിയ കഴിഞ്ഞവരെ നേരത്തെ മാറ്റിയിരുന്നത് ഇവിടെക്കായിരുന്നു. കാഴ്ച സങ്കടകരമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.
ചത്ത എലിയും പൂച്ചയും കിടക്ക കയ്യടക്കിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിന് ഉള്ളിലേക്ക് കയറുന്നുമില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ ഈ രീതിയിൽ ഉണ്ടാകുന്ന അവസ്ഥ ഗൗരവത്തിൽ എടുക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിക്ക് പുറത്ത് തെരുവുനായയുടെ ശല്യവും രൂക്ഷമാണ്.
