പാലക്കാട്: ഒറ്റപ്പാലത്ത് പിടിഎ ഫണ്ട് അടച്ചില്ലെന്ന കാരണത്താല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഒറ്റപ്പാലം അനങ്ങനടി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതായാണ് വാര്‍ത്ത. അധ്യാപികയോട് മാപ്പ് പറഞ്ഞ് അവര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍, വിദ്യാര്‍ത്ഥിക്കെതിരെ കേസ് വരുമെന്ന്, രക്ഷിതാക്കള്‍ ഇല്ലാത്ത സമയം വീട്ടില്‍ കയറി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തയുണ്ട്. ജില്ലാ പൊലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍,ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

അനങ്ങനടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ക്ക് മുന്നില്‍ വച്ച് ക്ലാസ് അധ്യാപികയായ സിന്ധു അപമാനിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞദിവസം ഒറ്റപ്പാലം പോലീസിനും ഡിഇഒ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നത്. പരാതിയില്‍ പോലീസും വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അനങ്ങനടിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്റഫ് കാരുകുളം രക്ഷിതാക്കള്‍ ഇല്ലാത്ത നേരം നോക്കി വീട്ടില്‍ കയറി കുട്ടിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *