തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കേസ് സിബിഐക്ക് വിടുന്നതിന് നിയമതടസ്സങ്ങളുണ്ടെന്നാണ് ഡിജിപിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന് നിയമോപദേശം നൽകിയിരിക്കുന്നത്. സിബിഐ അന്വേഷണ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അന്തിമ തീരുമാനം ഇനിയും വൈകും. ജൂൺ നാലിനായിരുന്നു അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തിരുന്നത്.

ഒക്ടോബർ 14-ന് നടന്ന യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. ക്ഷണിക്കാതെ യോഗത്തിനെത്തിയ പി.പി. ദിവ്യ ഉന്നയിച്ച ആക്ഷേപങ്ങൾ സ്ഥലംമാറ്റത്തിന്റെ സന്തോഷം ഇല്ലാതാക്കി. ലഭിച്ച ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റിൽ നിന്ന് മടങ്ങിയത്. അന്ന് രാത്രി 8.55-ന് മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായി അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിൽ ഇല്ലെന്ന വിവരം കണ്ണൂരിൽ അറിയിച്ചത്. തുടർന്ന് ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് പോയി പരിശോധിച്ചപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രപ്രകാരം, കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് പ്രതി.

Leave a Reply

Your email address will not be published. Required fields are marked *