വാഹന ലേലം
കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിന്റെ അധീനതയിലുള്ള ടയോട്ട ക്വാളിസ് വാഹനം ഡിസംബർ 28ന് രാവിലെ 11ന് പേരൂർക്കട കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വച്ച് പരസ്യമായി ലേലം ചെയ്യും. പ്രവർത്തിസമയത്ത് ഓഫീസിലും www.ksvc.kerala.gov.in എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും.
കേരള കൈത്തറി മുദ്ര മുഖ്യമന്ത്രി പ്രകാശനം ചെയ്തു
മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കേരള കൈത്തറി മുദ്രയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്ത് കൈത്തറി ഉത്പന്നങ്ങളിൽ വലിയ താത്പര്യം ഉയർന്നു വരുന്ന കാലമാണിത്. കേരള കൈത്തറി മുദ്ര വരുന്നതോടെ കൈത്തറിയെ ലോക മാർക്കറ്റിൽ എത്തിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി ഉത്പന്നങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം വകുപ്പ് ആലോചിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുദ്ര രൂപകൽപന ചെയ്ത അധ്യാപകനായ കെ. കെ. ഷിബിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതി സംബന്ധിച്ച് കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി പഠനം നടത്തുകയും രൂപരേഖ സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. കേരളത്തിലെ തിരഞ്ഞെടുത്ത മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തർദ്ദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് പദ്ധതിയിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. ഇതിലൂടെ മെച്ചപ്പെട്ട വിപണി കണ്ടെത്താനാകും. നൂതന ഡിസൈൻ ആശയങ്ങൾ കൈത്തറിയിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പത്മശ്രീ ഗോപിനാഥ്, കൈത്തറി ആന്റ് ടെക്‌സ്‌റ്റൈൽ ഡയറക്ടർ കെ. എസ്. പ്രദീപ്കുമാർ, കെ. പി. സഹദേവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വിവിധ പരീക്ഷകൾക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു ലെവൽ പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നല്കുന്നു. പത്താം ക്ലാസ്, പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിവിധ ബാങ്കുകൾ നടത്തുന്ന മത്സര പരീക്ഷയ്ക്ക് വേണ്ടി ആറു മാസത്തെ സൗജന്യ പരിശീലനവും നൽകും. ഡിഗ്രി യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർക്ക് അപേക്ഷിക്കം.
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. 2022 ജനുവരി 10 ന് ആരംഭിക്കുന്ന ക്‌ളാസ്സിൽ ചേരാൻ താൽപര്യമുളളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ജനുവരി ഏഴിനു മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കുകയോ, petctvm@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കുകയോ വേണം. അപേക്ഷാഫോം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9847558833.
വിദ്യാഭ്യാസ മേഖലയെ കാലോചിതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലും കാലോചിതമായ പരിഷ്‌കരണത്തിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠ്ന ലിഖ്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച പുരോഗതിയാണു നാടിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കു വഴിവച്ചതെന്നതിൽ സംശയമില്ല. എഴുതാനും വായിക്കാനും പഠിക്കുന്ന വ്യക്തി അറിവിന്റേയും വിജ്ഞാനത്തിന്റേയും ലോകവുമായി കണ്ണിചേർക്കപ്പെടും. അതുവഴിയാണു സാമൂഹ്യ മുന്നേറ്റം സാധ്യമാകുന്നത്. കേരളത്തിൽ ആറു ശതമാനത്തിലധികം ആളുകൾ ഇനിയും സാക്ഷരത നേടേണ്ടതായിട്ടുണ്ട്. അവരെക്കൂടി എഴുത്തും വായനയും അഭ്യസിപ്പിക്കുക എന്ന നിലയ്ക്കാണു പഠ്ന ലിഖ്ന അഭിയാനെ സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണു പഠ്ന ലിഖ്ന പദ്ധതി നടക്കുന്നത്. വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ രണ്ടു ലക്ഷം പേരെ സാക്ഷരരാക്കലാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരാകണമെന്നും 75 ശതമാനം സ്ത്രീകളായിരിക്കണമന്നും നിർദേശമുണ്ട്. സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളേയും ന്യൂനപക്ഷങ്ങളേയും പ്രത്യേകിച്ചു സ്ത്രീകളെ ശാക്തീകരിക്കാൻ ഉതകുന്ന പദ്ധതിയാക്കി ഇതിനെ രൂപപ്പെടുത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
