അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ ആശുപത്രിയില്‍ സുപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ നിന്നും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് പ്രഭുദാസിനെ സ്ഥലം മാറ്റിയിരിക്കുന്നത്. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല ഏല്‍ക്കുക.
ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഡോ. പ്രഭുദാസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുകയായിരുന്നു. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് കാരണമെന്നും പ്രഭുദാസ് ആരോപിച്ചു.

ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും മന്ത്രിയുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമായിരുന്നു ഡോ. പ്രഭുദാസിന്റെ ആക്ഷേപം. അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. ബില്ലുകള്‍ മാറാന്‍ പോലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *