മോദി സര്‍ക്കാരിന്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ് വി ഡി സതീശൻ കൊല്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു
ആലുവയില്‍ മൊഫിയ പര്‍വീണിന് നീതി തേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തികൊടുത്തവരാണ് പിണറായി സര്‍ക്കാര്‍. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. പ്രതികളാക്കപ്പെട്ടവരുടെ പേര് നോക്കിയാണ് തീവ്രവാദബന്ധം ആരോപിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലിട്ടവര്‍ സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ എടുക്കേണ്ട. ഇത് കേരളമാണ്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സംഘപരിവാര്‍ മനസാണ്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണ് ജയ്പുര്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദു എന്നത് ജീവിതക്രമവും മതവിശ്വാസവുമാണ്. ഹിത്വത്വ എന്നത് രാഷ്ട്രീയമാണ്. ഹിന്ദുമതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ മറ്റൊരു മതത്തില്‍ വിശ്വസിക്കാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. അതു തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അധികാരം പിടിച്ചെടുക്കാനുള്ള അജണ്ടയായാണ് ഹിന്ദുത്വത്തെ സംഘപരിവാര്‍ ഉപയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *