കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നീട്ടിവച്ചതിന്റെ കാരണം അറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു.കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത് പിൻവലിച്ചത്. ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സിപിഎം നേതാവ് എസ് ശർമ്മയും കേരള ഹൈക്കോടതിയെ സമീപിച്ചത്.

പതിനാലാം നിയമസഭയയുടെ കാലാവധി തീരുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോടതിയെ കഴിഞ്ഞ ആഴ്ച രേഖാമൂലം അറിയിച്ച കമ്മീഷൻ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് അന്നു തന്നെ അറിയിച്ചിരുന്നു. ഒരേ ദിവസം രണ്ട് നിലപാട് വന്നതിനെ തുടർന്നാണ് കോടതി കാരണം തേടിയിരിക്കുന്നത്.

ഏപ്രിൽ 21ന് ഒഴിവ് വരുന്ന വയലാർ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജികളിലെ ആവശ്യം.

വിജ്ഞാപനം ഇറക്കിയ ശേഷം നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് കമ്മീഷൻ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഇടപെടാൻ നിയമമന്ത്രാലയത്തിന് അധികാരമില്ലെന്നും നടപടി കമ്മീഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും സർക്കാർ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *