വയനാട് കുറുക്കന്‍മൂലയിലെ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ വനം വകുപ്പ് ജീവനക്കാരുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസ്. കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെയാണ്
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി . ജീവനക്കാരെ മര്‍ദ്ദിച്ചു, ഔദ്യോഗിക ജോലിക്ക് തടസ്സമുണ്ടായി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഗാര്‍ഡന്‍ നരേന്ദ്ര ബാബു ആണ് പരാതി നല്‍കിയത്.

തര്‍ക്കത്തിനിടെ വനംവകുപ്പ് ജീവനക്കാരന്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുക്കാന്‍ ശ്രമിക്കുന്നതിന്റേയും മറ്റ് ജീവനക്കാര്‍ അയാളെ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് പ്രദേശം വളഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയാണ്. കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.20 ദിവസമായി കടുവ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് തെരച്ചിൽ.

Leave a Reply

Your email address will not be published. Required fields are marked *