ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ വില്ലനായി മഴ. നിലവിൽ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റണ്സെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് കയ്യിലിരിക്കെ അവർക്ക് ജയിക്കാൻ 122 റൺസ് മതി. എന്നാൽ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (46), റാസ്സി വാന്‍ഡര്‍ ദസ്സന്‍ (11) എന്നിവരാണ് ക്രീസില്‍.
രണ്ടാം ഇന്നിങ്സില്‍ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. . ഏകദിന ശൈലിയില്‍ ബാറ്റുവീശിയ മാര്‍ക്രമായിരുന്നു കൂടുതൽ അപകടകാരി. 38 പന്തില്‍ 31 റൺസെടുത്ത മാര്‍ക്രത്തെ ശാര്‍ദൂല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മാര്‍ക്രം മടങ്ങിയത്.
മാര്‍ക്രത്തിന് പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. ഇന്ത്യന്‍ പേസര്‍മാരെ എല്‍ഗറും പീറ്റേഴ്സണും ചേര്‍ന്ന് അനായാസം നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പേസര്‍മാര്‍ക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിന്‍ പ്രയോഗിക്കാന്‍ തീരുമാനിച്ച ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത പീറ്റേഴ്സണെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഇന്ത്യ നേരത്തെ രണ്ടാം ഇന്നിങ്സില്‍ 266 റണ്‍സിന് ഓള്‍ഔട്ടായി. 239 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
