സംസ്ഥാനത്ത് കോവിഡ് വ്യാപന സമയത്ത് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി.സി.പി.എം സമ്മേളനത്തിന് അനുസരിച്ചാണ് സർക്കാർ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ വിമർശിച്ചു . കാസർകോട് കലക്ടറുടെ ഉത്തരവ് പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുകയാണ്. ആരോഗ്യമന്ത്രി എല്ലാ ദിവസവും വന്നു കരയുന്നു. സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ സിപിഎം തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നമുള്ള വി.ശിവൻകുട്ടിക്ക് പാർട്ടിയാണ് കോവിഡ് നൽകിയത്. ഭരണകക്ഷിക്ക് കൂട്ടം കൂടാം എന്നതാണ് അവസ്ഥഎന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരത്ത് സമ്മേളനത്തിൽ മെഗാ തിരുവാതിര നടത്തിയതിന് ക്ഷമ ചോദിച്ചതിന്റെ പിറ്റേ ദിവസം ഗാനമേള നടത്തി. കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോൾ, ‘മദ്യം ആരോഗ്യത്തിന് ഹാനികരം’ എന്ന് മദ്യകുപ്പിയിൽ എഴുതിവെച്ചത് പോലെയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി പറയുന്നതിനെ പാർട്ടി പോലും വിലയ്ക്ക് എടുക്കുന്നില്ല. ആരോഗ്യമന്ത്രിയെ കൊണ്ട് വിഡ്ഢി വേഷം കെട്ടിക്കരുതെന്നും മുരളീധരൻ പരിഹസിച്ചു.രോഗ വ്യാപനം സെമി ഹൈസ്‌പീഡിൽ അല്ല, ഹൈസ്‌പീഡിലാണുണ്ടാകുന്നതെന്നും മുരളീധരൻ പറഞ്ഞു.
