ലോകായുക്ത ഭേദ​ഗതി ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി.ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു.ഭേദഗതി അം​ഗീകരിക്കപ്പെടുന്നതോടെ, മന്ത്രിമാർക്കെതിരായ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.
അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.
അതേസമയം ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത് . ലോകായുക്തയുടെ അധികാരം കവർന്നുകൊണ്ടുള്ള ഈ ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിനെതിരെ മുഖ്യമന്ത്രിക്കെതിരേയും കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിനെതിരെയുമുള്ള ഹർജിയും ലോകായുക്ത പരി​ഗണനയിൽ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ചെന്നിത്തല ആരോ‌പിച്ചു.
ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിനുമുന്‍പ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തില്‍ അതുണ്ടായില്ല എന്നുള്ളത് സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല

Leave a Reply

Your email address will not be published. Required fields are marked *