ആണവനിലയങ്ങളിലെ ആക്രമണങ്ങളെ ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ റഷ്യയും യുക്രൈനും നേര്‍ക്കുനേർ.സപ്രോഷ്യയ്ക്ക് പിന്നാലെ മറ്റൊരു ആണവ നിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുകയാണെന്ന അമേരിക്കന്‍ അംബാസിഡറുടെ ആരോപണം ഏറ്റുപിടിച്ചാണ് യുഎന്‍രക്ഷാസമിതിയില്‍യുക്രൈൻ വാക്പോര് തുടങ്ങിയത്.
റഷ്യൻ അധിനിവേശം ആഗോള സമാധാനത്തിന് ഭീഷമിയാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. രാജ്യത്തെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ അംഗീകരിക്കാത്തതിനെ യുക്രൈൻ പ്രസിഡന്റ് സെലന്‍സ്കി വിമര്‍ശിച്ചു.

റഷ്യയുടേത് ആണവ ഭീകരവാദമാണെന്നും മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും യുക്രെയ്ൻ പ്രതിനിധി തുറന്നടിച്ചു. എന്നാല്‍ ഈ പ്രചാരണം നുണയാണെന്ന് യുഎന്നിലെ റഷ്യൻ പ്രതിനിധി മറുപടി നല്‍കി.

ആണവ നിലയത്തിന്‍റ പരിസരത്ത് വച്ച് യുക്രൈൻ അട്ടിമറി സംഘം റഷ്യൻ സേനയ്ക്കെതിരെയാണ് വെടിയുതിർത്തത്. ഇതേ തുടര്‍ന്നാണ് പ്രത്യാക്രമണം ഉണ്ടായത്. നിലയത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്താനല്ല, സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ വിശദീകരിച്ചു. സപ്രോഷ്യ ആണവ നിലയത്തില്‍ റഷ്യ നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇതോടെ പുടിന്‍റെ ഭീകരവാഴ്ച ഒരു പടികൂടി കടന്നെന്നും അമേരിക്കന്‍ പ്രതിനിധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *