കൊരട്ടിയില്‍ യുവതിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ കൊരട്ടിയില്‍ യുവതിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയവെയാണ് കോനൂര്‍ സ്വദേശി സത്യവാനെ പൊലീസ് പിടികൂടിയത്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അതിരപ്പള്ളിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് സത്യവാനെ പിടികൂടിയത്.

തിങ്കളാഴ്ച രാത്രിയാണ് പാലപ്പിള്ളി സ്വദേശിയായ വൈഷ്ണവിയെ സത്യവാന്‍ അക്രമിച്ചത്. ക്രൂരമായി മര്‍ദനമേറ്റ വൈഷ്ണവി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈഷ്ണവിയുടെ ഭര്‍ത്താവ് മുകേഷിന്റെ അമ്മയും സത്യവാനും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

അയല്‍വീട്ടില്‍ നില്‍ക്കുകയായിരുന്ന വൈഷ്ണവിയെ സത്യവാന്‍ അപ്രതീക്ഷിതമായെത്തി ആക്രമിക്കുകയായിരുന്നു. താക്കോല്‍ക്കൂട്ടം ഉപയോഗിച്ചാണ് മര്‍ദിച്ചത്. വൈഷ്ണവിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. കണ്ണിനു താഴെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ആക്രമണം തടയാനെത്തിയ ഭര്‍ത്താവിനും മര്‍ദനമേറ്റെങ്കിലും പരിക്കേറ്റില്ല.

ആക്രമണത്തിന് ശേഷം കറുകുറ്റിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വൈഷ്ണവി ചികിത്സ തേടിയിരുന്നു. വൈഷ്ണവിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *