നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. സ്വകാര്യ സംഭാഷണങ്ങളാണ് ഫോണിൽ നിന്നും നീക്കം ചെയ്തതെന്ന് ദിലീപ് ഹൈക്കോടതിയില്‍ അറിയിച്ചു. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ ദിലീപിന്റെ വിശദീകരണം. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നിര്‍ണായക നീക്കം.

ഫോണില്‍ നിന്ന് താന്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വാട്‌സ്ആപ്പ് ചാറ്റുകളാണ്. അത് ഈ കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങള്‍ മാത്രമാണ്. സ്വാഭാവികമായി ചെയ്യുന്ന നടപടി മാത്രമാണ്. അതില്‍ തെറ്റു കാണേണ്ടതില്ലെന്നും ദിലീപ് വിശദീകരിച്ചു.
ഫോണുകള്‍ പരിശോധിച്ച് കോടതിക്ക് കൈമാറിയ ഫോറന്‍സിക് റിപ്പോര്‍ട്ടും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടുള്ള വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്. ലാബില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെടുത്ത മിറര്‍ ഇമേജില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും നശിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ലെന്നും ദിലീപ് കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്തവവിദ്ധമെന്നും ദീലീപ് പറയുന്നു.

ഫോണുകള്‍ നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കില്‍, ഫോറന്‍സിക് ലാബില്‍ കൈമാറുകയല്ല പകരം നശിപ്പിക്കുകയായിരുന്നു ചെയ്യുക. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും വിവരങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. ഈ തീരുമാനമെടുത്തത് തനിക്കെതിരെ വധഗൂഡാലോചനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വളരെ മുമ്പാണെന്നും ദിലീപ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *