ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിൻ.സ്റ്റാലിന്‍ മുന്‍കൈ എടുത്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മധുരയിൽ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെയാണ് യെച്ചൂരിയുടെ പരാമർശം. ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ വർഗീയ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെ മതേതര ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ നേതാവ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നു വരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം നീണ്ട പത്ത് വർഷം രാജ്യം ഭരിക്കുമെന്നും ആരും കരുതിയതല്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അടൽ ബിഹാരി വാജ്പേജി പുറത്താവുകയും മൻമോഹൻ സിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. മോദി സർക്കാരും പരാജയപ്പെടുമെന്നും ഒരു മത്വതര ജനാധിപത്യ സർക്കാർ രാജ്യം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ രണ്ടിന് നടക്കുന്ന ഡി.എം.കെയുടെ ദല്‍ഹി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷപാര്‍ട്ടികളുടെ സംഗമത്തിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഇടതുനേതാക്കള്‍ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *