മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്.

വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ 11 രോഗികൾ മരിച്ചെന്നായിരുന്നു വാർത്താ ഏജൻസി പുറത്തു വിട്ട റിപ്പോർട്ട്. എന്നാൽ മരണസംഖ്യ 22 ആയി ഉയർന്നതായി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിക്കുകയായിരുന്നു.ഓക്‌സിജന്‍ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ടാങ്കിൻ്റെ വാൽവുകളിലുണ്ടായ ചോര്‍ച്ചയാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ വിവരങ്ങള്‍ ലഭിച്ച ശേഷം വിശദമായ പത്രക്കുറിപ്പ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *