പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു.പാകിസ്ഥാന്റെ അറുപത്തിമൂന്നാമത് പ്രധാനമന്ത്രിയാണിദ്ദേഹം. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുൻ‌പേ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളും രാജിവെച്ചിരുന്നു. പുതിയ പ്രധാനമന്ത്രിക്കായുള്ള തിരഞ്ഞെടുപ്പും പിടിഐ അംഗങ്ങൾ ബഹിഷ്കരിച്ചു.13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചിരുന്നു.ദേശീയ അസംബ്ലിയിൽനിന്നു രാജി വയ്ക്കുകയാണെന്ന് ഇമ്രാൻ ഖാൻ ട്വിറ്ററിൽ പ്രഖ്യാപിച്ചു. ഇമ്രാനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമ‌േയ വോട്ടെടുപ്പും ഭരണകക്ഷിയായിരുന്ന പിടിഐയുടെ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാൻ ഖാൻ (69) അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവും അധികാരത്തിലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *