പാലക്കാട് എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം രംഗത്തെത്തി. കുട്ടിയുടെ മാതാവ് ആസിയ മാത്രമല്ല കൊലപാതകത്തിന് പിന്നിലെന്നും ഇവരുടെ സഹോദരിക്കും സഹോദരീഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ആസിയയുടെ ഭര്‍തൃപിതാവാണ് ഇബ്രാഹിം.
അതേസമയം, കുട്ടിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആസിയയുടെ സഹോദരി ഹാജിറയുടെ പ്രതികരണം. കൊല്ലപ്പെട്ട മുഹമ്മദ് ഷാനിനെ തനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു. ആസിയക്ക് കുഞ്ഞിനെ വേണ്ട എന്നുണ്ടെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഹാജിറ പറഞ്ഞു.
കഴിഞ്ഞദിവസമാണ് എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്നുവയസ്സുകാരനായ മുഹമ്മദ് ഷാനിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മുഹമ്മദ് ഷാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്.

ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായെന്ന് പിന്നീട് ആസിയ പറഞ്ഞു. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.
ആസിയയും ഭര്‍ത്താവ് ഷമീറും രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഇതിനിടെ, ആസിയ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. എന്നാല്‍ യുവതിക്ക് കുഞ്ഞുണ്ടെന്ന വിവരം യുവാവ് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവാവുമായി ജീവിക്കാനായി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആസിയയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *