സന്തോഷ് ട്രോഫി കീരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻറെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്ബോൾ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നു. നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവർക്കും ആശംസകൾ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
