കോവിഡ് വൈറസ് വായുവിലൂടെ അനായാസമായി തന്നെ പടരുമെന്ന് പുതിയ കണ്ടെത്തൽ. വായുവില്‍ കാണപ്പെടുന്ന വൈറസ് കണികകള്‍ അണുബാധ പരത്തുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘമാണ് തെളിയിച്ചത്.

എന്നാല്‍ രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. മാസ്‌ക് ധരിക്കുന്നതിലൂടെ കൊവിഡിനെ പൂര്‍ണമായും പ്രതിരോധിക്കാനാവും എന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ കണ്ടെത്തി.

ഹൈദരാബാദിലെ സിഎസ്‌ഐആര്‍-സിസിഎംബി, ചാണ്ഡീഖണ്ഡ് സിഎസ്‌ഐആര്‍-ഐഎംടെക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എയിറോസോള്‍ സയന്‍സ് മാഗസിനിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുവിലൂടെ കൊവിഡ് വൈറസ് പടരുന്നത് ചെറിയ ശതമാനം മാത്രമാണെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ വായുവിലൂടെയും കൊവിഡ് അനായാസമായ പടരുമെന്നാണ് പുതിയ പഠനം സ്ഥിരീകരിക്കുന്നത്.

കൊവിഡ് രോഗികള്‍ ഉള്ളിടത്തുനിന്നും ശേഖരിച്ച വായു സാമ്പിളുകളില്‍ നടത്തിയ പഠനമാണ് കൊവിഡ് വൈറസിനെ വായുവിലൂടെ പകരാനാകുമെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രികള്‍, രോ​ഗികള്‍ താമസിച്ചിരുന്ന വീടുകളിലെ അടഞ്ഞമുറികള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച വായുസാമ്പിളുകളില്‍ നടത്തിയ പഠനമാണ് വൈറസിന് വായുവിലൂടെ അനായാസം പടരാന്‍ കഴിയുമെന്ന് വ്യക്തമാക്കിയത്.

അടച്ച സ്ഥലങ്ങളില്‍ വായുസഞ്ചാരം ഇല്ലെങ്കില്‍ വൈറസിന് കുറച്ച്‌ സമയം വായുവില്‍ തുടരാന്‍ കഴിയുമെന്ന് ഫലങ്ങള്‍ കാണിച്ചതായി പഠനത്തില്‍ പറയുന്നു. ഒരു മുറിയില്‍ രണ്ടോ അതിലധികമോ കൊവിഡ് രോഗികള്‍ ഉള്ളപ്പോള്‍ വായുവിലൂടെ വൈറസ് പടരുന്നതിന്റെ പോസറ്റിവിറ്റി നിരക്ക് 75 ശതമാനമാണെന്ന് ശാസത്രഞ്ജര്‍ കണ്ടെത്തി. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍കൊണ്ട് വ്യാപനത്തെ ചെറുക്കാന്‍ സാധിക്കുമെന്നും ശാസത്രഞ്ജര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *