പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാൽ മൃതദേഹം കാര്യമായിട്ട് അഴുകിയിരുന്നില്ല അതിനാൽ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാനായി താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

മാർച്ച് ഒന്നാം തിയതി ദുബായ് ഫ്ലാറ്റിൽ മരണപ്പെട്ട വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ മരണത്തിൽ തുടക്കം മുതലെ ദുരൂഹതകൾ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് മെഹ്നാസ് കബളിപ്പിച്ചതായും റിഫയുടെ കുടുംബം ആരോപിക്കുന്നു. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും

റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ജനുവരി മാസം അവസാനമാണ് കാക്കൂർ സ്വദേശിയായ റിഫ വിദേശത്ത് എത്തുന്നത്. ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു ജോലി നോക്കിയിരുന്നത്. ആത്മഹത്യ ചെയ്ത ദിവസം രാത്രി വീട്ടിൽ വിളിച്ച് രണ്ടര വയസുള്ള മകനോടും മാതാപിതാക്കളോടും സംസാരിച്ച റിഫയുടെ മരണവാർത്തയാണ് പിറ്റേന്ന് രാവിലെ നാട്ടിലറിയുന്നത്.

മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

മൂന്നുവര്‍ഷംമുമ്പ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവില്‍ നാട്ടിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *