ഹിമാദ്രിയുടെ സംഗീതത്തെ ജനപദങ്ങളിലേക്കൊഴുക്കിയ അതുല്യ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തിൽ സ്പീക്കര്‍ എം.ബി. രാജേഷ് ദുഃഖം രേഖപ്പെടുത്തി.

സന്തൂർ എന്ന ശതതന്ത്രി വീണയുടെ മോഹിപ്പിക്കുന്ന നാദം ശിവകുമാർ ശർമ്മ ആ വാദ്യം കൈകാര്യം ചെയ്യാൻ തുടങ്ങിയത് മുതലാണ് ലോകം ശ്രദ്ധിച്ചത്.

1994 ൽ പാലക്കാട് നടന്ന മാനവമൈത്രീ സംഗീതികയിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ സന്തൂർ സംഗീതം കേട്ടത്. മനസ്സിനെ വാരിപ്പുണർന്ന സംഗീതമായിരുന്നു അത്. പിന്നീട് ധാരാളം കേട്ടു.

കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാനും ഏറെ നേരം സംസാരിക്കാനും അവസരം കിട്ടി.

സംഗീതത്തിൽ അത്രയും ഉന്നതനായ ഒരു കലാകാരൻ തികച്ചും വിനയാന്വിതനായി ലളിതമായി പെരുമാറുന്നതും സംസാരിക്കുന്നതും വിസ്മയമായിരുന്നു എന്നും സ്പീക്കര്‍ അനുസ്മരിച്ചു.

കശ്മീർ താഴ്വരയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സന്തൂർ എന്ന സംഗീതോപകരണത്തിന് ക്‌ളാസിക്കൽ സംഗീതത്തിൽ ഇടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ അനുപമമായ സംഗീതജ്ഞാനം സഹായകമായി. ഇന്ന് സന്തൂർ എന്ന വാദ്യത്തിന്റെ അപരനാമമായി അദ്ദേഹം ഓർമിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സംഗീതം എക്കാലവും നിലനിൽക്കും. കുടുംബാംഗങ്ങളുടെയും സംഗീതപ്രേമികളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *