പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി യുവതിയുടെ സഹോദരി രംഗത്ത്. മെഡിക്കല്‍ കോളജ് ഔട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ നവാസ് മന്‍സില്‍ റെനീസിന്റെ ഭാര്യ നെജ്ല (27), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), മകള്‍ മലാല (ഒന്നര) എന്നിവരെയാണു മരിച്ചനിലയില്‍ എആര്‍ ക്യാംപിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്.

ടിപ്പുവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റില്‍ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൂങ്ങിയ നിലയിലായിരുന്നു നെജ്ലയുടെ മൃതദേഹം ഉണ്ടായിരുന്നത്.

നജ്ലയുടെയും മക്കളുടെയും മരണത്തിനുത്തരവാദി റെനീസാണെന്ന് സഹോദരി നഫ്ല പറഞ്ഞു.

നെജ്ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും അയല്‍ക്കാര്‍ തന്നോട് പറഞ്ഞിരുന്നെന്ന് നെജ്ലയുടെ സഹോദരി നെഫ്ല പറഞ്ഞു. ‘വഴക്ക് പതിവായിരുന്നു. പലതവണ ബന്ധം ഉപേക്ഷിച്ച് വരാന്‍ പറഞ്ഞെങ്കിലും വിസമ്മതിച്ചു. ബന്ധം ഉപേക്ഷിച്ചാല്‍ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. 8 വര്‍ഷം മുന്‍പായിരുന്നു വിവാഹം. വിവാഹത്തിനു കുറച്ചു നാളുകള്‍ക്കു ശേഷം സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് വഴക്കു തുടങ്ങി. രണ്ടാം തവണ നെജ്ല ഗര്‍ഭിണിയായപ്പോഴാണ് റെനീസിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്നത്.

രണ്ടാം കുഞ്ഞ് ജനിച്ചു ദിവസങ്ങള്‍ക്കു ശേഷം ശാരീരികമായി ഉപദ്രവിച്ചു. അന്നു കേസ് കൊടുത്തെങ്കിലും ഒത്തുതീര്‍പ്പാക്കി. പിന്നീടും ഉപദ്രവം തുടര്‍ന്നു. ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ലായിരുന്നു. റെനീസ് ഉണ്ടെങ്കില്‍ ഫോണ്‍ വിളിച്ചാലും എടുക്കില്ല. ഇത്തരത്തില്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫ്‌ലാറ്റില്‍ ഒരു സ്ത്രീ വന്നിരുന്നെന്നു അടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ പറഞ്ഞു. കേസില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സഹോദരി വ്യക്തമാക്കി.

റെനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം കേരളപുരം നെഫ്ല മന്‍സിലില്‍ പരേതനായ ഷാജഹാന്റെയും ലൈല ബീവിയുടെയും മകളാണ് നെജ്ല.

Leave a Reply

Your email address will not be published. Required fields are marked *