തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാല്‍ മതിയെന്നും കെസി വേണുഗോപാല്‍ വിശദീകരിച്ചു.

എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങുകയും കോണ്‍ഗ്രസുകാരനായി തുടരുകയും ചെയ്യുമെന്ന കെവി തോമസിന്റെ നിലപാട് ഒന്നൊന്നര തമാശയാണെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നുവെന്നതിനേക്കാള്‍ ചിന്തന്‍ ശിബിരത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെവി തോമസ് പറഞ്ഞിരുന്നു. അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *