മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം ഫലം കണ്ടില്ല. കൊല്ലം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനായില്ല. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങി മരണപ്പെട്ടത്. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് രണ്ട് മണിയോടെ മൃതദേഹം പുറത്തെടുത്തു.

ഇന്നലെ കിണറ്റിൽ റിങ് ഇറക്കുന്നതിനിടെയാണ് സുധീർ അപകടത്തിൽ പെട്ടത്. റിങ് ഇറക്കുന്നതിനിടെ അപകട സാധ്യത മുന്നിൽ കണ്ട് വേഗത്തിൽ മുകളിലേക്ക് കയറുന്നതിനിടെ സുധീറിന്റെ മേലേക്ക് കിണർ ഇടിഞ്ഞ് വീഴുകയായിരുന്നു.

ആദ്യം വലിയ ജെ സി ബി ഉപയോഗിച്ച് കിണറിന്റെ സമീപത്ത് മറ്റൊരു കുഴി എടുത്ത് രക്ഷിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. എന്നാൽ വലിയ ജെ സി ബി കുഴിയിലേക്ക് ഇറങ്ങാത്തതിനാൽ ചെറിയ ജെ സി ബി എത്തിച്ച് രക്ഷാപ്രവർത്തനം തുടർന്നു. രാത്രിയിൽ കനത്ത മഴയെ തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തി വെച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.
അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *