രാജ്യത്തെ കോവിഡ് വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയില്‍ അല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു.കൊവിഡ് കാല പ്രതിസന്ധിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നിരീക്ഷണം.ആവശ്യമാണെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമ്പോൾ വാക്സിൻ ക്ഷാമം ഉണ്ടായേക്കുമെന്നും അത് പരിഹരിക്കാൻ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും വിതരണം, വാക്‌സിന്‍ നടപടികള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ ആശുപത്രിയിൽ പ്രവേശനത്തിന് കഷ്‌ടപ്പെടുകയാണെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ കോടതിയെ അറിയിച്ചു. രാജ്യതലത്തിൽ മൊത്തമായി കൊവിഡ് രോഗികൾക്ക് ആശുപത്രി പ്രവേശനത്തിന് പ്രത്യേക സംവിധാനം വേണം. അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ഡൽഹി, ഗുജറാത്ത് ഹൈക്കോടതികളിൽ കേസ് നിലവിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
രാജ്യം പ്രതിസന്ധി നേരിടുന്ന സമയങ്ങളില്‍ സുപ്രീംകോടതിക്ക് നിശബ്ദ കാഴ്ചക്കാരാകാന്‍ സാധിക്കുകയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ 11 ഹൈക്കോടതികളില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നുണ്ട്. ഹൈക്കോടതികളുടെ പരിഗണനയിലുള്ള വിഷത്തില്‍ സുപ്രീംകോടതി കടന്നുകയറുകയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപന വിഷയങ്ങളില്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
