യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം.

അതേസമയം, നാട്ടിലെത്തിയാല്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസ്സമില്ല.

വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണമെന്ന് കോടതി പറഞ്ഞു. അതേസമയം, കോടതി നിര്‍ദ്ദേശത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

പ്രതി നാട്ടില്‍ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിനെ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്‌നമല്ല. പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *