കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ആദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവെച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്.
സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്.
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതിയുണ്ട്. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാന്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനുള്ള അധികാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
