പിണങ്ങിപ്പോയ ഭാര്യയെ സ്നേഹം നടിച്ച് അനുനയത്തില്‍ കൂട്ടിക്കൊണ്ടു വന്ന ശേഷം ഭര്‍ത്താവ് അടിച്ചുകൊന്നു. തിരുപ്പതി വെങ്കട്ടപ്പുരത്താണ് സംഭവം. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തില്‍ തള്ളി. സംഭവത്തില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറും. തിരുപ്പതി വെങ്കട്ടപ്പുരം കോളനി സ്വദേശിയുമായ വേണുഗോപാല്‍ (30) അറസ്റ്റിലായി.
കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. രമ്യതയിലാകാമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഭാര്യയെ അനുനയത്തില്‍ ഇയാള്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു. അടിച്ചു കൊന്നതിനു ശേഷം ഹൈദരാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.
ഒരുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ എന്നും വഴക്കായതോടെ പത്മ സ്വന്തം വീട്ടിലേക്ക് മടങ്ങി.. തുടര്‍ന്ന് പത്മ വേണുഗോപാലിനെതിരെ ഗാര്‍ഹിക പീഡനത്തിനു കേസ് ഫയല്‍ ചെയ്തു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങിയെങ്കിലും വീണ്ടും പ്രശ്നമായതോടെ പത്മ വീട്ടിലേക്ക് മടങ്ങി. ജനുവരി 5നു ഭാര്യ വീട്ടിലെത്തിയ വേണുഗോപാല്‍ മേലില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാന്‍ കൂടെ വരണം എന്നും ആവശ്യപ്പെട്ടു.
സ്വന്തം വീട്ടിലെത്തിയ വേണുഗോപാല്‍ പത്മയെ ക്രൂരമായി മര്‍ദ്ദിച്ചു. അടിയേറ്റ പത്മ കൊല്ലപ്പെട്ടു. മരണം ഉറപ്പായതോടെ ബാഗില്‍ കുത്തി നിറച്ച മൃതദേഹം കാറില്‍ കൊണ്ടുപോയി സമീപത്തെ തടാകത്തില്‍ തള്ളി. തുടര്‍ന്ന് വേണുഗോപാലിനു ഹൈദരാബാദില്‍ ജോലി കിട്ടിയെന്നും കുടുംബസമേതം അങ്ങോട്ടു പോകുന്നുവെന്നും കാണിച്ചു പത്മയുടെ ഫോണില്‍ നിന്നു മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചു. നിരന്തരം സന്ദേശം അയയ്ക്കുന്ന മകള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ പത്മയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുപ്പതി പൊലീസ് ഹൈദരാബാദില്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും പത്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് വേണുഗോപാലിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാള്‍ നല്കിയ വിവരം അനുസരിച്ചു വെങ്കട്ടാപുരം താടാകത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി തിരുപ്പതി എഎസ്പി മുരളി കൃഷ്ണ അറിയിച്ചു. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. വേണുഗോപാലിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അടിച്ചു കൊലപ്പെടുത്തിയതെന്നു വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു.