നടിയെ ആക്രമിച്ച കേസിൽ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശ്രീജിത്തിനെ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും നീക്കിയത് ചോദ്യം ചെയ്ത് സംവിധായകനായ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ ഉണ്ടായ സമ്മർദ്ദത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നും ആരോപണം ഉയർന്നു. എസ്.ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകൻ ഫിലിപ് ടി.വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ കുടുംബ സുഹൃത്താണ് എസ്.ശ്രീജിത്തെന്നും കേസിന് പിന്നിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്‍റെ നടപടിയിൽ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *