വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.
റിപ്പോര്‍ട്ടില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്ന് സതീശന്‍ പറഞ്ഞു. ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവി വരുണ്‍ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.
കണ്ണൂര്‍ സ്വദേശി ആയ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദത്തിന് വഴങ്ങിയെന്നും അതിനാല്‍ അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്‍ഡിഗോ മാനേജര്‍ രാഷ്ട്രീയ പോലീസ് സമ്മര്‍ദത്തിന് വഴങ്ങി വ്യാജ റിപ്പോര്‍ട്ട് തയാറാക്കി. ഇ പിയുടെ പേര് റിപ്പോര്‍ട്ടില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം നടന്നതെന്ന് കോടിയേരിയും ഇ പിയും പറഞ്ഞിട്ടും വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി. സൗത്ത് ഇന്ത്യന്‍ മേധാവിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടന്‍ രേഖ മൂലം പരാതി നല്‍കും.
