സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്തിനാണു രഹസ്യമൊഴിയുടെ പകര്‍പ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

കന്റോമെന്റ് പൊലീസ് രജിസ്റ്റര്‍ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നല്‍കരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *