കോഴിക്കോട് ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നതിനെതിരെ പ്രതിഷേധം. പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോര്‍പറേഷന്റെ തീരുമാന പ്രകാരമാണ് സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങുന്നത്.

നേരത്തെ സര്‍വേ നടപടികള്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ പ്രതിഷേധം മുന്നില്‍ കണ്ട് വന്‍ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത്. 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. റോഡില്‍ ഇരുന്നും കിടന്നുമാണ് പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കനത്ത പൊലീസ് കാവലില്‍ സര്‍വേ നടപടികള്‍ തുടങ്ങി. പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് ആവിക്കലില്‍ സ്ഥാപിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് സമരപ്പന്തലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെയാണ് നാട്ടുകാര്‍ റോഡിലിറങ്ങി പ്രതിഷേധം തുടങ്ങിയത്. പ്രദേശത്ത് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. മാലിന്യം കുന്നുകൂടിയാല്‍ അത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *