മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പികെ ബഷീര്‍ എംഎല്‍എയെ താക്കീത് ചെയ്ത് മുസ്ലീം ലീഗ്. നിറത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന്
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ബഷീറിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
വംശീയ അധിക്ഷേപം ലീഗിന്റെ ശൈലി അല്ല. നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. സഹിഷ്ണുത പുലര്‍ത്തണം. ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികര്‍ക്കായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്വെന്ഷന് വേദിയിലായിരുന്നു പികെ ബഷീര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം. കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എംഎം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിന്റെ പരിഹാസം. എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീര്‍ പറഞ്ഞു.
