വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴൽനാടൻ എംഎൽഎ.വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ,വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിട്ടു.വീണ വിജയന്‍റെ കമ്പനിയുടെ മെന്‍റർ ആണ് ജെയ്ക് ബാലകുമാർ എന്ന് വ്യക്തമാക്കുന്ന വിവരം വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്ത ഭാഗം അദ്ദേഹം വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ ആരോപിച്ചു.പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ് സൈറ്റ്ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.
