കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് തൊഴിലാളി യൂണിയനോട് ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെ നിലവിലെ പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിക്കാമെന്ന് കെ എസ് ആ‍ർ ടി സി യിലെ വിവിധ യൂണിയനുകൾ കോടതിയെ അറിയിച്ചു. സിഎംഡി തെറ്റ് പ്രവര്‍ത്തിച്ചാല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ധര്‍ണയുമായി മുന്നോട്ടുപോയാല്‍ ഒരു കാലത്തും ശമ്പളം കൃത്യമായി ലഭിക്കാന്‍ പോകുന്നില്ലെന്ന് കോടതി യൂണിയനുകളെ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയൂ. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരുതരത്തിലും അനുവദിച്ചുനല്‍കാനാകില്ല.ഹർജി പരിഗണിക്കണമെങ്കിൽ സമരം അവസാനിപ്പിക്കണം. പാവപ്പെട്ട തൊഴിലാളികൾ കഠിനാധ്വാനം ചെയ്യുമ്പോള്‍ ‍ യൂണിയനുകൾ സമരം പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. കോടതിയെ ചുമ്മാ വിഡ്ഡിയാക്കരുതെന്ന് പറഞ്ഞ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹ‍ർജിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകളെല്ലാം പിൻവലിക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെയാണ് നിലവിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും യൂണിയനുകൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *