മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതുമുന്നണി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു. അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രൂവറി കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയ കോടിത ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കെതിരെയാണ് താന്‍ കോടതിയില്‍ പോയത്. എന്റെ സാക്ഷിയാകാനില്ലെന്നാണ് ഇ.പി.ജയരാജന് പറയുന്നത്. ജയരാജന് തൃക്കാക്കര തെരെഞ്ഞെടുപ്പ് കാണിച്ചാണ് കോടതിയില്‍ നിന്നും മാറി നിന്നത്. ഇനിയും മാറിയാല്‍ കോടതി അക്കാര്യം പരിശോധിക്കും.
ഊരും പേരുമില്ലാത്ത ഒരു സ്ഥാപനത്തിനാണ് ഡിസ്റ്റിലറി തുടങ്ങാന്‍ വ്യവസായ വകുപ്പ് അനുമതി നല്‍കിയത്. സ്പ്രിംഗ്ളര്‍ അഴിമതിക്കെതിരെ സുപ്രീം കോടതിയില്‍ പോരാട്ടം തുടരും. അനുവാദമില്ലാതെ എടുത്ത ജനങ്ങളുടെ ഡാറ്റാക്ക് നഷ്ടപരിഹാരം നല്‍കണം. മുഖ്യമന്ത്രിയില്‍ നിന്നും ശിവ ശങ്കറില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.