ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും.

ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം എന്നൊക്കെ അതിന്റെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. കൂലി ചോദിച്ചാല്‍ നടു തല്ലിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയില്‍. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഇവിടെ വളര്‍ന്നു വരുന്നത്.

ഈ പണമെല്ലാം എവിടുന്നാണ്? പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്നു ലഭിച്ചിട്ടുള്ള മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അവനെ ചൂഷണം ചെയ്യുന്നു. എട്ടു മണിക്കൂറില്‍നിന്ന് ഇവര്‍ പന്ത്രണ്ടും പതിനാലും ഇരുപതും മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന അവന് സംരക്ഷണം നല്‍കുന്നുണ്ടോ.’ സജി ചെറിയാന്‍ ചോദിച്ചു.

ട്രേഡ് യൂണിയനുകള്‍ സമരം ചെയ്താല്‍ അവര്‍ക്ക് ജനങ്ങളുടെ പിന്തുണ കിട്ടുന്നുണ്ടോ? നാട്ടിലുള്ള ഏതു പ്രശ്‌നത്തിനു കാരണക്കാര്‍ തൊഴിലാളി സംഘങ്ങളാണെന്നാണ് ആക്ഷേപം. മാധ്യമങ്ങളോ ജുഡീഷ്യറിയോ അവര്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *