കെ.കെ.രമ എംഎല്‍എയ്ക്കെതിരായ മുന്‍ മന്ത്രി എം.എം.മണിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ, മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവന്‍. എം എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവന്‍ വിഷയത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നിലപാട് പറഞ്ഞതോടെ വിഷയം തീര്‍ന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, വിധവയായത് രമയുടെ വിധിയാണെന്ന എം.എം.മണിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന നിലപാടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കൈക്കൊണ്ടത്. പ്രതിപക്ഷത്തിന് ഇന്നു വേഗം പോകേണ്ടതിനാലാണ് നിയമസഭയിലെ പ്രതിഷേധവും ഇറങ്ങിപ്പോക്കുമെന്ന് ജയരാജന്‍ പരിഹസിച്ചു.

അതേസമയം, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി. ദുരുദ്ദേശ്യമുണ്ടായിരിക്കില്ലെങ്കിലും ഒഴിവാക്കേണ്ട പദപ്രയോഗമാണെന്ന് മുന്‍ എംപി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

‘ഒരു കമ്യൂണിസ്റ്റ് പറയാന്‍ പാടില്ലാത്തതാണ് എം.എം.മണി പറഞ്ഞത്. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടി. മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മാണ്’ ആനി രാജ പറഞ്ഞു. ”രാഷ്ട്രീയ സംവാദങ്ങള്‍ക്കും രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇത്തരത്തിലുള്ള വേദനകളെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമായിട്ടുള്ള കാര്യമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ട ഒന്നായിരുന്നു’ ആനി രാജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *