നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍. ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉയര്‍ത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പ്രാധാന്യം എന്താണെന്നും കോടതി തിരികെ ചോദിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.

മെമ്മറികാര്‍ഡിന്റെ ക്ളോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് എന്നിവ വിചാരണകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം കേസില്‍ സമയപരിധി നീട്ടിനല്‍കണം എന്ന ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ തുടരന്വേഷണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്രീലേഖയ്ക്കെതിരായ പരാതിയില്‍ തൃശൂര്‍ റൂറല്‍ പോലീസ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസ് വിചാരണ കോടതി ഇനി നാളെയാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *