യാത്രാനിരോധനം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനം തെറ്റന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുത്താന്‍ ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായും ഡല്‍ഹിയിലെ ചില കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തതാണ് അവര്‍ക്ക് പറ്റിയ തെറ്റെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ട്രോള്‍ ഇറക്കുന്നവര്‍ ഭ്രാന്തന്മാരാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

‘ മുഖ്യമന്ത്രിക്കെതിരെ നടത്തിയത് ആസൂത്രിതമായ ആക്രമണമാണ്. മുഖ്യമന്ത്രിയെ ആക്രമിച്ച് വാര്‍ത്തയാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ കാര്യങ്ങളെല്ലാം ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. തനിക്കെതിരായ നിരോധനം തിരുത്താന്‍ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.പിമാര്‍ കത്തയച്ചിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്തില്‍ ആയുധം എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം.

അക്രമിക്കാന്‍ വന്നവര്‍ക്ക് രണ്ടാഴ്ചയും, എനിക്ക് മൂന്നാഴ്ചയുമാണ് വിലക്ക്. ഇന്‍ഡിഗോയുടെ നിലപാട് എത്രമാത്രം തെറ്റാണെന്ന് അതില്‍ നിന്ന് തന്നെ മനസിലാക്കാന്‍ സാധിക്കും. മാനസിക രോഗമുള്ളവരൊക്കെ ട്രോളുകള്‍ ഉണ്ടാക്കാറുണ്ട്. മാനസികരോഗികളും, ചിന്താക്കുഴപ്പമുള്ളവരും, ഭ്രാന്തന്മാരുമെല്ലാം ട്രോളുകള്‍ ഇറക്കാറുണ്ട്. പക്ഷേ അത് ഞാന്‍ ഗൗനിക്കാറില്ല.

എന്റെ യാത്ര അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരേയും നിരോധിക്കുകയാണ്. എന്റെ ഭാഗത്ത് പിശകില്ല. അതുകൊണ്ട് ഇന്‍ഡിഗോയ്ക്കെതിരായ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഞാന്‍ തടഞ്ഞു നിര്‍ത്തിയത് കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ പറ്റാതിരുന്നത്. അത്തരത്തില്‍ വിമാനത്തിന് ചീത്തപ്പേര് ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ച എനിക്ക് ഇന്‍ഡിഗോക്കാര്‍ പുരസ്‌കാരം തരേണ്ടതാണ്. അവരുടെ വിമാനത്തില്‍ അക്രമം നടത്താനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു താനെന്നും’ ഇ.പി.ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *