സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങള്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍. പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധന ആവശ്യമാണ്. കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയില്ലെന്നും പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

അലൈന്‍മെന്റ് പ്ലാന്‍, ബന്ധപ്പെട്ട റെയില്‍വേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വേ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകള്‍ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകള്‍ കെ-റെയില്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കെ റെയിലില്‍നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം മണ്ണിന്റെ അവസ്ഥ, പ്രകൃതിദത്തമായ ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പരസ്പര പ്രവര്‍ത്തനക്ഷമത, കടബാധ്യത മുതലായവ പരിശോധിക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ റെയില്‍വേ മന്ത്രാലയത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ലഭിച്ച ശേഷം പരാതികള്‍ക്കാധാരമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതിയെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി, ഇരുപതിനായിരം വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ പദ്ധതിയുടെ പേരില്‍ ഇല്ലാതവുമെന്നാണ് പ്രധാന പരാതി. നിര്‍ദ്ദിഷ്ട കെ റെയില്‍ അലൈന്‍മെന്റ് നിരവധി മതസ്ഥാപനങ്ങള്‍ തകര്‍ക്കുമെന്നുളള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *