സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവര്‍ണ്ണ പതാക വീടുകളില്‍ ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

‘ ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുക. ദേശീയപതാകയുമായുള്ള ബന്ധത്തെ കൂടുതല്‍ ആഴമുള്ളതാക്കാന്‍ ഇത് സഹായിക്കുമെന്നും’ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്ത്രര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. യുവാക്കളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു

അതേസമയം, പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാ രമേശ് രംഗത്തെത്തി.കാപട്യം സിന്ദാബാദെന്ന് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.നാഗ്പൂരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ 52 വര്‍ഷമെടുത്ത സംഘടനയുടെ പ്രചാരകനില്‍ നിന്നാണ് ഇത്തരമൊരു ആഹ്വാനമെന്നും ജയറാം രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *