ലഹരി മരുന്ന് വില്‍പനകള്‍ക്കെതിരെ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുന്ദമംഗലത്തെ എക്സൈസ് വകുപ്പ്. എന്നാല്‍ ഉദ്യോഗസ്ഥരെ പ്രധാനമായും വലക്കുന്നത് പിടികൂടുന്ന പ്രതികളെ എവിടെ ഇരുത്തുമെന്നുള്ളതാണ്. പിടിയിലാകുന്ന മിക്ക ആളുകളും കനത്ത ലഹരിക്കടിമകളായിരിക്കും. ഇവരെ സുരക്ഷിതമായി കൊണ്ടിരുത്താന്‍ ഒരു ലോക്കപ്പില്ലാത്തത് കുന്ദമംഗലത്തെ എക്സൈസ് ഉദ്യോഗസ്ഥരെ കഷ്ടത്തിലാക്കുന്നു.
കുന്ദമംഗലത്തെ മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിലെ നാലാം നിലയിലാണ് എക്സൈസ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ലഹരിയുടെ കെട്ടടങ്ങിയാല്‍ വിഭ്രാന്തി കാണിക്കുന്ന പ്രതികള്‍ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയോ സ്വയം ഉപദ്രവിക്കുകയോ ചെയ്യാം. ഇത് ഭയന്ന് കുപ്പിഗ്ലാസുകള്‍ പോലും ഓഫീസില്‍ വക്കാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര് പിടിയിലായത്. ഇവരെ പിടിക്കുമ്പോള്‍ നല്ല ലഹരിയിലായിരുന്നെന്നും പിന്നീട് ലഹരി വിട്ടപ്പോള്‍ വിഭ്രാന്തി കാണിച്ചെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. കോളേജുകള്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികള്‍ക്കുമായി എത്തിച്ചുനല്‍കുന്ന വന്‍ സംഘം ഇവര്‍ക്ക് പിന്നില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ പ്രതികളുടെ ഫോണ്‍ കോളുകളും ബാങ്ക് പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കുകയും കേസിലെ മറ്റു കണ്ണികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഫയലുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
ഈ വര്‍ഷത്തില്‍ തന്നെ കുന്ദമംഗലത്ത് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് എന്‍ഡിപിഎസ് കേസുകളാണ്. കൂടാതെ, അമ്പത് അപ്കാരി കേസുകളും നൂറിലധികം കോട്പ (സ്ക്കൂള് പരിസരങ്ങളില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്) കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
