കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്.

സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തൊലി ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പോലീസ് സര്‍ജ്ജന്റെ മൊഴിയെടുക്കും. വടകര പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. സജീവനെതിരെ കേസെടുത്തത് മരിച്ചതിന് മുന്‍പാണോ ശേഷമാണോ എന്നറിയുകയാണ് ലക്ഷ്യം.

അതേസമയം, സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശം. സസ്പെന്‍ഷനിലായ എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.

ഇന്ന് ഉദ്യോഗസ്ഥര്‍ ഹാജരായില്ലെങ്കില്‍ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിയും. രാവിലെ വടകര സ്റ്റേഷനില്‍ ഹാജരാകാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ സസ്പെന്‍ഷനിലായ സി.പി.ഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *