അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപണം.തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായ പരാതിയെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ സിപിഎം–ഡിവൈഎഫ്ഐ നേതൃത്വങ്ങൾക്കു പരാതി നൽകിയിട്ടുണ്ട്.പി ബിജുവിന്റെ ഓ‍‍ർമയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയ‍ർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്. റെഡ് കെയര്‍ സെന്ററിന് പുറമേ ആംബുലന്‍സ് കൂടി വാങ്ങാന്‍ ലക്ഷ്യമിട്ടായിരുന്നു പാളയം ബ്ലോക്ക് കമ്മിറ്റി പിരിവ് ആരംഭിച്ചത്. ഓരോ മേഖലാ കമ്മിറ്റികളോടും രണ്ടര ലക്ഷം രൂപ വീതം നല്‍കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം ഒന്‍പത് ബ്ലോക്ക് കമ്മിറ്റികളും ചേര്‍ന്ന് പതിനൊന്നര ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഇതില്‍ ആറ് ലക്ഷം രൂപ റെഡ് കെയര്‍ സെന്ററിനായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി. ബാക്കി തുക ഷാഹിന്‍ വകമാറ്റിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *