പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ ഓഫിസിലെ അഞ്ച് സ്റ്റാഫിനെക്കൂടി മുഹമ്മദ് റിയാസിന്റെ ഓഫിസില്‍ നിയമിച്ചു. ഇതോടെ, മുഹമ്മദ് റിയാസിന്റെ പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം 29 ആയി.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് മുഹമ്മദ് റിയാസിന്റെ പഴ്സനല്‍ സ്റ്റാഫില്‍ 29 പേരെ നിയമിച്ചത്. സജി ചെറിയാന് രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് മാറ്റിയത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ആ പദവിയില്‍ വരുന്ന ചെറിയ ഒരു ഇടവേള പോലും പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്സണല്‍ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫില്‍ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം. അതേസമയം, ഇതേക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.
